വൈശാഖിന്റെ കൊലപാതകം; പ്രതി ദിനൂപ് പൊലീസ് പിടിയില്‍

മലപ്പുറം : ബേപ്പൂർ സ്വദേശി വൈശാഖിന്റെ കൊലപാതകക്കേസിലെ പ്രതി പൊലീസ് പിടിയിൽ . പാലക്കാട് കുമരമ്പുത്തൂർ സ്വദേശി ദിനൂപിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബേപ്പൂർ സ്വദേശിയായ വൈശാഖ് മലപ്പുറം താനൂരിൽ ആശാരിപ്പണിക്കായാണ് എത്തിയത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്.

കൊല്ലപ്പെട്ട വൈശാഖിന്റെ ആന്തരികാവയവങ്ങൾക്ക് മാരകമായി പരുക്കേറ്റിട്ടുണ്ടെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു . മുട്ടുകാലു കൊണ്ട് തൊണ്ടക്കുഴിയിൽ അമർത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിട്ടുണ്ടായിരുന്നു. തൈറോയിഡ് ഗ്രന്ഥികൾ തകർന്ന നിലയിലുമായിരുന്നു. എന്നാൽ ശരീരത്തിന് പുറത്ത് പരിക്കുകളുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തിൽ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ‌തൊട്ടു മുൻപുള്ള രാത്രിയിൽ വൈശാഖും സുഹൃത്തുക്കളും തമ്മിൽ മദ്യപിച്ചിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

Top