ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം, മരുമകൻ ടെണ്ടർ വഴിയെടുത്ത കരാർ: വൈക്കം വിശ്വൻ

കോട്ടയം∙ ബ്രഹ്മപുരം മാലിന്യസംസ്കരണ കരാർ വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകന്റെ കമ്പനിയിലോ കരാറിലോ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണം. കുടുംബാംഗങ്ങൾക്കായി ഒരു ഇടപെടലും താൻ ഇതുവരെ നടത്തിയിട്ടില്ല. മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നു. നിയമനടപടി ആലോചിക്കുമെന്ന് വൈക്കം വിശ്വൻ പറഞ്ഞു. ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയതിനെ ചൊല്ലി ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.

‘മുഖ്യമന്ത്രിയും ഞാനും വലിയ സൗഹൃദത്തിലാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും വിദ്യാർഥികാലം മുതൽ ചുമതലകൾ ഏറ്റെടുത്തവരാണ്. പാർട്ടിയിൽ അന്യോനം പ്രവർത്തിച്ചവരാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിനോട് സൗഹൃദം വരാതിരിക്കേണ്ട ഒരു കാര്യവുമില്ല. സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയില്ല. ഞാൻ പൊതുകാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. കുടുംബകാര്യങ്ങളോ ആവശ്യങ്ങളോ പറഞ്ഞിട്ടില്ല.’– വൈക്കം വിശ്വൻ പറഞ്ഞു.

Top