വൈഗ കൊലപാതക കേസ്‌ സനു മോഹനെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി : വൈഗ കൊലപാതക കേസിൽ പിതാവ് സനു മോഹനെ കോയമ്പത്തൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. സനുമോഹൻ വിറ്റ കാറും വൈഗയുടെ ദേഹത്തു നിന്നഴിച്ചെടുത്ത സ്വർണ്ണവും അന്വേഷണ സംഘം കണ്ടെത്തി. തമിഴ്‌നാട്ടിലെ തെളിവെടുപ്പിന് ശേഷം കർണ്ണാടക, ഗോവ എന്നിവിടങ്ങളിലും എത്തിച്ചു തെളിവെടുക്കും.

വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് ഇന്നലെ അന്വേഷണ സംഘവും സഞ്ചരിച്ചത്. മൂന്നര ലക്ഷം രൂപയ്ക്കാണ് കാർ വിറ്റത്. 50000 രൂപ മുൻകൂറായി വാങ്ങി ബാക്കി തുക രേഖകൾ നൽകിയ ശേഷം നൽകാമെന്നായിരുന്നു കരാർ. കാർ വിറ്റ ശേഷം കോയമ്പത്തൂരിലെ ലോഡ്ജിലായിരുന്നു സനു മോഹൻ താമസിച്ചിരുന്നത്. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.

തമിഴ്‌നാട്ടിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം ഇന്ന് സനുവുമായി കർണ്ണാടക, ഗോവ എന്നിവിടങ്ങളിലേക്കും പോകും. തൃക്കാക്കര സിഐ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. മൂകാംബികയിൽ സനു താമസിച്ച ലോഡ്ജ്, ഇയാളെ പിടികൂടിയ കാർവാർ ബീച്ച് എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കും.

കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേത് തന്നെയാണെന്ന് പരിശോധന റിപ്പോർട്ട് വന്നു. വൈഗയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ മൂക്കിൽ നിന്നോ വായിൽ നിന്നോ വന്ന രക്തമാകാം ഇതെന്ന് കരുതപ്പെടുന്നു. പോസ്റ്റുമോർട്ടം റിപോർട്ടിൽ വൈഗയ്ക്ക് പുറമെ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. തെളിവെടുപ്പിന് ശേഷം സനുമോഹന്റെ ഭാര്യ രമ്യയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

 

Top