വാഗമണ്‍ സിമി ക്യാമ്പ് : 17 പേരെ വെറുതെ വിട്ടു, നാല് മലയാളികള്‍ കുറ്റവാളികള്‍

കൊച്ചി: വാഗമണ്‍ മൊട്ടക്കുന്നില്‍ നിരോധിത സംഘടനയായ സിമി നടത്തിയ ആയുധ പരിശീലന കേസില്‍ നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി. 17 പേരെ വിട്ടയച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്വവി, അബ്ദുള്‍ സത്താര്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മലയാളികള്‍. പെട്രോള്‍ ബോംബ് നിര്‍മാണം, ആയുധ പരിശീലനം എന്നിവയാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റം.

ആകെ 38 പ്രതികളാണ് കേസിലുള്ളത്. മുപ്പത്തിയേഴാം പ്രതി വാസിഖ് ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ് അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുപ്പത്തിയഞ്ചാം പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവുമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ വിസ്തരിച്ചില്ല. ഇയാളെ 24ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് പൂര്‍ത്തിയാക്കും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് പണം ഒഴുക്കിയത് ഖുറേഷിയാണ്.

2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെയായിരുന്നു സിമി വാഗമണ്ണില്‍ ആയുധ പരിശീലനം നടത്തിയത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വിത്തു പാകിയതും ഈ പരിശീലനത്തിലൂടെയായിരുന്നു. ഭീകരപ്രവര്‍ത്തകര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇടുക്കി, കോട്ടയം ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പരിശീലനം നടക്കുന്നതിന് മൂന്ന് മാസം മുമ്പേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു.

nia

മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ ചെയ്തത്. 2017 ജനുവരിയില്‍ ആരംഭിച്ച വിസ്താരം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു. 2011 ജനുവരിയില്‍ 30 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ ആദ്യം കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് 2013 ജൂലായില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു.

പ്രതികളെല്ലാം അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിലും പ്രതികളാണ്. പാനായിക്കുളം രഹസ്യയോഗക്കേസിലും ഇന്‍ഡോറിലെ സ്‌ഫോടനക്കേസിലും ഇവരില്‍ പലരും ശിക്ഷ അനുഭവിച്ച് വരികയാണ്. ഇന്‍ഡോര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് വാഗമണ്‍ സിമി കേസിലെ പ്രതികളെ അഹമ്മദാബാദ് ജയിലില്‍ നിന്ന് ഭോപ്പാല്‍ ജയിലിലേക്ക് മാറ്റിയത്.

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത സിമി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.

Top