ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് ഉറപ്പില്ല, മദ്യത്തിന്റെ മണം അറിയില്ല; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വഫ

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ടതിന് പിന്നാലെ അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായ വഫാ ഫിറോസ് എന്ന യുവതിക്ക് നേരെ അനവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വഫയുടേത് എന്ന പേരില്‍ മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ച് നിരവധി സൈബറാക്രമണങ്ങളും യുവതിക്ക് നേരെ ഉയര്‍ന്നു വരുന്നുണ്ട്.

ഇപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എതിരെ വഫ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്നെ കുറിച്ച് വെളിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് വഫ പറയുന്നു. താന്‍ ഭര്‍ത്താവില്‍ നിന്നകന്ന് ജീവിക്കുന്ന ആളല്ല. ഞങ്ങള്‍ക്ക് ബിസിനസും ഇല്ല. ആകെയുള്ളത് ദമാമില്‍ ഷോപ്പ് മാത്രമാണ്. അതില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത് സഹോദരന്‍ ഒരു സ്വകാര്യ കമ്പനിയില്‍ വര്‍ക്ക് ചെയ്യുകയാണ്. ഭര്‍ത്താവ് മറൈന്‍ എന്‍ജിനയറാണെന്നും വഫ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വഫയുടെ തുറന്നുപറിച്ചില്‍.

എക്സാമിനായാണ് താന്‍ ഇത്തവണ നാട്ടില്‍ എത്തിയത്. വളരെ നേരത്തെ തന്നെ വിവാഹിതയായതുകൊണ്ട് അടുത്തകാലത്താണ് പ്ലസ് ടു കഴിഞ്ഞത്. ഇപ്പോള്‍ ബിഎ ഇംഗ്ലീഷ് പഠിക്കുകയാണ്.ജൂലായ് ആറിനാണ് നാട്ടിലെത്തിയത്. 12ക്ലാസില്‍ പഠിക്കുന്ന മകളും തന്നോടൊപ്പമുണ്ടായിരുന്നു.

അനവധി ഉന്നതരുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കും വഫ മറുപടി നല്‍കി. തനിക്ക് ആകെ രണ്ട് ഐഎഎസുകാരുമായി മാത്രമാണ് ബന്ധമുള്ളത്. അതില്‍ ഒന്ന് മെറിന്‍ ഐഎഎസും മറ്റൊന്ന് ശ്രീറാമുമാണ്. എനിക്ക് മറ്റു ഉന്നത ബന്ധങ്ങളില്ല. മെറിനെ പരിചയപ്പെടുന്നത് ഒരു സലൂണില്‍ വെച്ചാണ്. ഞങ്ങള്‍ തമ്മില്‍ സുഖമാണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഉള്ളത്. ശ്രീറാമിനെ ഒരു ഷോയില്‍ കണ്ടാണ് വിളിക്കുന്നത്. പിന്നാലെ മീറ്റ് ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെയാണ് കണ്ടുമുട്ടുന്നത്. അതിന് ശേഷം ഒരുവര്‍ഷത്തിന് ശേഷം അപകടമുണ്ടായ ദിവസമാണ് കാണുന്നത്. അദ്ദേഹം വളരെ മാന്യനായ ആളാണ്. ആര്‍ക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വമാണെന്നും വഫ പറഞ്ഞു.

മാന്യനായ വ്യക്തിയാണ് ശ്രീറാം. അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടാണ് ആ സമയത്ത് അദ്ദേഹം വിളിച്ചപ്പോള്‍ പോയത്. വരണമെന്നാവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. ഇത്തരം ഒരു സമയത്ത് തന്റെ ഏത് സുഹൃത്തുക്കള്‍ വിളിച്ചാലും താന്‍ ഇതുപോലെ ചെയ്യും. അതാണ് എന്റെ ക്യാരക്ടര്‍. രാത്രി ഒരു മണിയെന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു അസമയമല്ല. പലപ്പോഴും ഞാനും കുഞ്ഞും ഔട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുക രണ്ട് മണിക്ക് ശേഷമാകും. ആയാളെ സഹായിക്കാനാണ് പോയത്. അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും വഫ പറഞ്ഞു.

അപകട ശേഷം ഞാന്‍ കൊടുത്ത മൊഴിയില്‍ പറഞ്ഞിട്ടുള്ളത് സത്യമാണ്. ഒരുമണിക്ക് കവടിയാറിലെത്തി പിക്ക് ചെയ്തു. യാത്രയില്‍ സാധാരണയിലധികം സ്പീഡിലായിരുന്നു ശ്രീറാം വണ്ടിയോടിച്ചത്. കണ്‍ട്രോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വണ്ടിയോടിച്ചത്. ഒരാളെ കൊല്ലാന്‍ വേണ്ടി വണ്ടിയോടിക്കുമെന്ന് കരുതുന്നില്ല. ശ്രീറാം മദ്യപിച്ചിരുന്നോയെന്നറിയില്ല. തനിക്ക് മദ്യത്തിന്റെ മണം അറിയില്ല. വീട്ടില്‍ സഹോദരനോ ഭര്‍ത്താവോ മദ്യം ഉപയോഗിക്കാറില്ല. ശ്രീറാമിന് ഒരുമണമുണ്ടായിരുന്നു. എന്ത് മണമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വേണം തെളിയിക്കാനെന്നും വഫ പറഞ്ഞു.

അപകടത്തിന് പിന്നാലെ ശ്രീറാമും ഞാനും വണ്ടിയില്‍ നിന്ന് ഓടിയിറങ്ങുകയായിരുന്നു. അയാളെ തൂക്കിയെടുത്തു. ചുറ്റും കൂടി നിന്ന എല്ലാവരോടും രക്ഷിക്കാന്‍ പറയുന്നുണ്ടായിരുന്നു. ആരും വന്നില്ല. പിന്നെ തറയില്‍ കിടത്തി. അഞ്ച് മിനിറ്റിനകം പൊലീസെത്തി. ആംബുലന്‍സ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. തന്റെ ഭര്‍ത്താവിന്റെ പപ്പായും മമ്മിയുമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി തന്നെ വീട്ടിലേക്ക് കൊണ്ടുപോയത്.

തനിക്ക് കുടുംബവുമായി യാതൊരു പ്രശ്നവുമില്ല.എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ട്. ശ്രീറാം തന്റെ സുഹത്താണെന്ന് ഭര്‍ത്താവിനറിയാം. എന്നാല്‍ അപകടത്തിന് ശേഷം അദ്ദേഹത്തെ വിളിക്കാന്‍ സമയം കിട്ടിയിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിട്ടുണ്ട്. അപകടത്തിന് പിന്നാലെ എന്റേതല്ലാത്ത ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഞാന്‍ മോഡലല്ല. അവര്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയാണ് അങ്ങനെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും വഫ പറഞ്ഞു.

Top