‘ജന്മനാടിന്റെ സ്‌നേഹം കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും സന്തോഷവും പകരുന്നു’

വട്‌നഗര്‍: ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് സന്തോഷം തരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്വന്തം മണ്ണില്‍ നിന്ന് കൂടുതല്‍ ഊര്‍ജം ലഭിച്ചതു പോലെ തോന്നുന്നുവെന്ന് വട്‌നഗര്‍ സന്ദര്‍ശനത്തിനിടെ മോദി പറഞ്ഞു.

‘സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുകയെന്ന വളരെ സവിശേഷമായ ഒരു അനുഭവമാണ് ഉണ്ടാക്കുന്നത്. ഇന്നു കാണുന്ന എന്നെ രൂപപ്പെടുത്തിയത് ഈ മണ്ണാണ്. മൂല്യങ്ങള്‍ എന്താണെന്ന് എന്നെ പഠിപ്പിച്ചത് ഈ നാടാണ്. ഈ നാട്ടില്‍ നിന്നും നിങ്ങളുടെ ആശീര്‍വാദവും കൊണ്ടാവും ഞാന്‍ തിരിച്ചു പോവുക. അതെനിക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കു’മെന്ന് വട്‌നഗറില്‍ പൊതുസമ്മേളനത്തിനിടെ മോദി പറഞ്ഞു.

പ്രധാനമന്ത്രി ആയതിനു ശേഷം മൂന്നോളം തവണ ഗുജറാത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സ്വന്തം ജന്മനാടായ വട്‌നഗറിലെത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജന്മനാടായ വട്‌നഗറിലെത്തിയ മോദിയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്.

രാവിലെ റോഡ് ഷോയോടെ തുടങ്ങിയ സന്ദര്‍ശനത്തിനു വഡനഗറില്‍ ഉജ്വല സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്. പിന്നീട് മോദി താന്‍ പഠിച്ച വഡനഗറിലെ സ്‌കൂളിലെത്തി. സ്‌കൂളിലെ മണ്ണില്‍ കൈവച്ച് പ്രാര്‍ഥനകള്‍ നടത്തിയ ശേഷമാണു മോദി മടങ്ങിയത്. ഇതിനുശേഷം വഡനഗറിലെ ഹത്‌കേശ്വര്‍ ക്ഷേത്രത്തിലെത്തിയ പ്രധാന മന്ത്രി ക്ഷേത്ര പൂജകളില്‍ പങ്കെടുത്ത ശേഷം മടങ്ങി.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. ശംഖോദര്‍ മുതല്‍ ഓഖ വരെ 8000 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പാലം, രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം എന്നിവയുടെ ശിലാസ്ഥാപനം മോദി നിര്‍വ്വഹിച്ചു. ദേശീയപാത വികസന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.

വഡ്‌നഗറിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കോളേജ് വിദ്യാര്‍ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. മെഡിക്കല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാനാണ് തന്റെ സര്‍ക്കാറിന്റെ ശ്രമം. അതിന്റെ ആദ്യ പടിയായാണ് സ്റ്റെന്റുകള്‍ക്ക് വില കുറച്ചതെന്ന് മോദി വ്യക്തമാക്കി.

Top