വടക്കഞ്ചേരി അപകടം: ഡ്രൈവറുടെ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ലൈസൻസും റദാക്കും

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്. അപകടമുണ്ടാക്കിയ ബസിന്റെ വേഗപ്പൂട്ടിൽ മാറ്റം വരുത്തിയിരുന്നുവെന്ന് എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കിലോ മീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയത്. നിയമം ലംഘിച്ചുള്ള ഫിറ്റിംഗുകളും ബസിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസ്റ്റ് ബസിൻറെ ഡ്രൈവർ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസ്സുടമ അരുണും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Top