വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷന്‍ ലഭിച്ചത് 3 കോടി 60 ലക്ഷം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് ഇഡി.

യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന്‍ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ വീസാ സ്റ്റാംപിങിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന് വിവരമുണ്ട്.

ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷന്‍. പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി 18 കോടിയുടേതാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ കമ്മിഷനായാണ് 3 കോടി 60 ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചത്. നിര്‍മാണ കരാര്‍ ഏറ്റെടുക്കാന്‍ നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും ഇഡി സൂചിപ്പിക്കുന്നു.

കമ്മിഷനായി ലഭിച്ച പണം മറ്റാര്‍ക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാര്‍ക്കെങ്കിലും കമ്മിഷന്‍ നല്‍കിയോ എന്നും വ്യക്തമല്ല. എന്നാല്‍ കോണ്‍സുലേറ്റിലെ ഉന്നതന് നല്‍കാന്‍ എന്ന വ്യാജേന ഇതിന് പുറമേ ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ കൂടി വാങ്ങിയിരുന്നു. സ്വര്‍ണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടില്‍ വച്ച് റമീസിന്റെ ആള്‍ക്കാരായിരുന്നു. കമ്മീഷന്‍ കുറച്ച് നല്‍കാനായി കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

Top