വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലും ഇടപെട്ട് എം ശിവശങ്കര്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകള്‍ പുറത്ത്. യുഎഇയിലെ റെഡ് ക്രസന്റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി കൈമാറാന്‍ മുന്‍കൈയ്യെടുത്തത് ശിവശങ്കറാണെന്നുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റെഡ് ക്രസന്റിന് താല്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേ ദിവസമാണ് ശിവശങ്കര്‍ ലൈഫ് മിഷന് നല്‍കുന്നത്. ധാരണാപത്രത്തിന്റെ കരട് കൈമാറിയത് ഒപ്പിടുന്ന ദിവസം രാവിലെ മാത്രം.

2019 ജൂലൈ 11നാണ് റെഡ് ക്രസന്റ് സംഘവും ലൈഫ് മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നത്. റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം തന്നെ ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ വിദേശ സ്ഥാപനം വഴിയുള്ള വന്‍ തുകയുടെ സഹായവും ധാരണപത്രം ഒപ്പിടുന്നതും ലൈഫ് മിഷനെ ഔദ്യോഗികമായി അറിയിക്കുന്നത് തലേ ദിവസം മാത്രമാണ്. 2019 ജുലൈ പത്തിനാണ് റെഡ് ക്രെസന്റുമായി ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ ശിവശങ്കര്‍ അറിയിക്കുന്നത്.

കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളാരംഭിക്കുന്നത് എം. ശിവശങ്കറിന്റെ കുറിപ്പോടെയാണെന്ന് തദ്ദേശ ഭരണ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ നിയമവകുപ്പ് അംഗീകരിച്ച് നല്‍കിയ കരാറില്‍ പിന്നീട് മാറ്റം വരുത്തിയെന്നും സംശയിക്കുന്നുണ്ട്. സംശയം ബലപ്പെട്ടതോടെ ലൈഫ് മിഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്.

Top