വടകര ഓര്‍ക്കാട്ടേരിയിലെ ടി. പി ചന്ദ്രശേഖരന്‍ ഭവന്‍ ഉദ്ഘാടനം ഇന്ന്

വടകര: വെട്ടേറ്റ് മരിച്ച ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം വടകര ഓര്‍ക്കാട്ടേരിയില്‍ പണിത ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്ല ഭവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടകരയില്‍ നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തും. ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എംപിയും സിപിഎമ്മും തമ്മില്‍ കടുത്ത സംഘര്‍ഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കള്‍ ആര്‍എംപി സംഘടിപ്പിച്ചിരുന്ന സെമിനാറുകളില്‍ പങ്കെടുത്തിരുന്നു.

2012 മെയ് നാലിന് രാത്രി ഒമ്പതരയോടെയാണ് വടകര വള്ളിക്കാട്ട് വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത്. കേസില്‍ 75 പേരെയാണ് പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.

Top