‘മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടി’; കുഞ്ഞാലിക്കുട്ടി

കൊച്ചി: വടകര എംപി കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് പി കെ കുഞ്ഞാലികുട്ടി. ബിജെപി എന്താണോ ആഗ്രഹിച്ചത് അതിന് നേരെ വിപരീതമാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംഭവിച്ചത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്നതുപോലെയായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനം സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.’അവര്‍ കോണ്‍ഗ്രസില്‍ നിന്നും കെ കരുണാകരന്റെ മകളെ കൊണ്ടുപോയി. അതുണ്ടാക്കിയ പൊട്ടിത്തെറി സത്യത്തില്‍ യുഡിഎഫിന് അനുകൂലഘടകമായി മാറി. ബിജെപി കൊട്ടിഘോഷിച്ച് ഇറക്കിയ സ്ഥാനാര്‍ത്ഥി അപ്രത്യക്ഷനായി’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐഎം ഇന്ത്യ മുന്നണിയിലെ ഒരു പ്രാദേശിക പാര്‍ട്ടി മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ അവര്‍ക്ക് വലിയ സ്വാധീനം ഇല്ല. പാര്‍ലമെന്റില്‍ ബിജെപിക്ക് വെല്ലുവിളിയാകണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടണം. അത് കേരളത്തിലും പ്രസക്തമാണ്. അക്കാര്യം ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന് പരമാവധി സീറ്റ് കൊടുക്കുകയെന്നതാണ് മതേതര ജനാധിപത്യ ശക്തികളുടെ ആദ്യമുന്‍ഗണന. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിനെ ജയിപ്പിച്ചാലും മതിയെന്നത് വോട്ടര്‍മാരുടെ രണ്ടാമത്തെ സാധ്യതയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റിന്റെ പേരില്‍ ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നും മുന്നണിമാറ്റത്തെക്കുറിച്ച് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.

Top