vadakanchery rape case; bhagiya lekshmi statement

bhagyalakshmi

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ പൊലീസ് നിലപാടിനെതിരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്.

നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ അവര്‍ ഓടുന്ന വണ്ടിയില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന പൊലീസ് വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

‘എന്ത് ക്രൂരതയാണ് ഇവര്‍ സംസാരിക്കുന്നത്..ഒരു പെണ്‍കുട്ടിയെ പിടിച്ചു വലിച്ച് വണ്ടിയില്‍ കയറ്റി പീഡിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. താന്‍ പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വയ്ക്കണോ… എല്ലാ തെളിവുകളും തങ്ങള്‍ കൊണ്ടു പോയി കൊടുത്താല്‍ വേണമെങ്കില്‍ അന്വേഷിക്കാം എന്നാണ് നിലപാടെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പൊലീസിന്റെ ആവശ്യം’ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പ്രതികളെ ചോദ്യം ചെയ്യുക കൂടി ചെയ്യാതെയാണ് തെളിവൊന്നും ലഭ്യമല്ലെന്ന് പൊലീസ് പറയുന്നത്. ഈ അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസമില്ല. എന്നാല്‍ ഈ രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്.

ദേശീയവനിതകമ്മീഷന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതിലാണ് ഇനി പ്രതീക്ഷ. ഭാഗ്യലക്ഷ്മി പറഞ്ഞു.

നീതി നടപ്പാക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ പെണ്‍കുട്ടിയെ താന്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടു വന്നത്. ഇപ്പോഴും മാനസികമായി തകര്‍ന്ന നിലയില്‍ തുടരുന്ന ആ പെണ്‍കുട്ടിയുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

അനുഭവിച്ച ദുരന്തങ്ങളുടെ ആഘാതത്തില്‍ നിന്ന് അവര്‍ ഇനിയും മോചിതയായിട്ടില്ല. ഈ കേസില്‍ ഒരു വിധത്തിലുള്ള സമ്മര്‍ദ്ദവും തനിക്കുണ്ടായിട്ടില്ല. അവസാനനിമിഷം വരെ ആ പെണ്‍കുട്ടിക്കൊപ്പം താനുണ്ടാവും ഭാഗ്യലക്ഷ്മി പറയുന്നു.

രണ്ടു വര്‍ഷം മുമ്പാണ് വടക്കാഞ്ചേരിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Top