ധനുഷ് നായകനാകുന്ന പുതിയ ചിത്രം വടചെന്നൈ മേക്കിംഗ് വിഡിയോ കാണാം

vada-chennai

പൊല്ലാദേവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കുശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘വടചെന്നൈ’. ആടുകളത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് വടചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിനായി കൂറ്റന്‍ ജയിലിന്റെ സെറ്റൊരുക്കിയത് എങ്ങനെ എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വടചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. തമിഴില്‍ അഭിനയപ്രാധാന്യമുളള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വേല്‍രാജ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വടചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും.

Top