വടാ ചെന്നൈയില്‍ പത്മയായി ഐശ്വര്യ രാജേഷ്; ചിത്രം പുറത്തുവിട്ട് ധനുഷ്

നുഷ് മുഖ്യവേഷത്തിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് വടാ ചെന്നൈ. നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ധനുഷ് ചിത്രത്തിലെ ഐശ്വര്യ രാജേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ഐശ്വര്യ പത്മയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ധനുഷിന്റെ നായികാ വേഷത്തിലാകും ഐശ്വര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ ചന്ദ്രയായും സമുദ്രക്കനി ഗുണയായും കിഷോര്‍ സെന്തിലായും ഡാനിയല്‍ ബാലാജി തമ്പിയായും വേഷമിടുന്നുണ്ട്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ അടുത്ത ധനുഷ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top