സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍ നല്‍കും. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നല്‍കുന്നത്. 967 സ്‌കൂളുകള്‍ ഇതിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അര്‍ഹരായ കുട്ടികളില്‍ 51 ശതമാനം പേര്‍ ഇതിനോടകം വാക്‌സിനെടുത്തു. ബാക്കിയുള്ളവര്‍ക്കായിട്ടാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ യജ്ഞം. 2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തണം.

500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളില്‍ വാക്‌സിനെടുക്കാനായി പ്രത്യേക സംവിധാനമൊരുക്കി. സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക.

ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കുട്ടികള്‍ കയ്യില്‍ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും. വാക്‌സിനെടുത്ത ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കും. ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കുന്നതാണ്.

രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്‌സിനേഷന്‍ സമയത്തില്‍ മാറ്റം വന്നേക്കാം.

Top