വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടു കൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുതെന്നും കത്തില്‍ പറയുന്നു.

 

Top