വാക്‌സിന്‍ ക്ഷാമം; സംസ്ഥാനത്ത് പലയിടത്തും വാക്‌സിനേഷന്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരത്തെ 158 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 30 കേന്ദ്രങ്ങള്‍ മാത്രമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഗാ വാക്സിനേഷന്‍ ക്യാമ്പ് മുടങ്ങി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നാണ് സ്റ്റേഡിയത്തില്‍ പതിച്ച നോട്ടീസില്‍ പറയുന്നത്.

കോട്ടയത്ത് വാക്സിന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കാന്‍ എത്തിയതോടെയാണ് തിരക്ക് കൂടിയത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ആറു മണി മുതല്‍ ക്യൂ നില്‍ക്കുകയാണ്. 1000 പേര്‍ക്ക് മാത്രമെ ഒരു ദിവസം ഇവിടെ വാക്സിന്‍ നല്‍കുകയുള്ളു.

പത്തനംതിട്ടയില്‍ ഭൂരിപക്ഷം കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നിര്‍ത്തി. കൊല്ലത്ത് സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ക്യാമ്പ് നടത്തിപ്പ് അനിശ്ചിതത്വത്തിലായി. കോഴിക്കോട് പല കേന്ദ്രങ്ങളിലും ഒരു ദിവസം 100 പേര്‍ക്ക് മാത്രമാണ് ടോക്കണ്‍ നല്‍കുന്നത്. ഇതോടെ വാക്സിന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ മടങ്ങുകയാണ്.

 

Top