വാക്‌സിന്‍ ക്ഷാമം; മഹാരാഷ്ട്രയില്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. സതാര ജില്ലയില്‍ വാക്‌സിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചതായി ജില്ല പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ഗൗഡ പറഞ്ഞു. ഇതുവരെ 45 വയസിന് മുകളിലുള്ള 2.6 ലക്ഷം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കിയത്.

പന്‍വേലിലും വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെച്ചതെന്ന് പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പൂണെയിലെ 100ഓളം വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ക്ഷാമത്തെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചുവെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.

Top