ഖത്തറില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി

ദോഹ: ഖത്തറില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള വാക്സിനേഷന്‍ ലിങ്കില്‍ പോയാല്‍ കുട്ടികള്‍ക്ക് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം കുട്ടിയുടെ ഖത്തര്‍ ഐഡി നല്‍കണം. തുടര്‍ന്ന് ആ ഖത്തര്‍ ഐഡി രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈലിലേക്ക് ഒടിപി ലഭിക്കും. അതുപയോഗിച്ച് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രക്ഷിതാവിന്റെ മൊബൈലില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് വാക്സിനെടുക്കേണ്ട തിയ്യതിയും സമയവും അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് ലഭിക്കും.

കൊവിഡ് മഹാമാരി മൂലം കുട്ടികള്‍ അധികസമയവും ഓണ്‍ലൈന്‍ പഠനത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നതെന്നും അതുവഴി സ്‌കൂള്‍ ക്ലബ്ബുകള്‍, ടീം സ്പോര്‍ട്സുകള്‍, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം തുടങ്ങിയ സന്തോഷങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുകയുമാണെന്ന് പിഎച്ച്‌സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മര്‍യം അബ്ദുല്‍ മലിക് പറഞ്ഞു.

വാക്‌സിനെടുക്കുന്നതോടെ ഇതിന് വലിയ പരിഹാരമാവും. ഇതുവഴി കുട്ടികള്‍ക്ക് ആരോഗ്യ സുരക്ഷ ലഭിക്കുമെന്ന് മാത്രമല്ല, അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരവുമാണ് കൈവരുന്നതെന്നും അവര്‍ വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്ത് എസ്എംസ് ലഭിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സിനാണ് ലഭിക്കുക. രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരോഗ്യമന്ത്രാലയം നടത്തിവരുന്നതെന്നും അവര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ രക്ഷിതാക്കളും മുന്നോട്ടുവരുണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

ഫൈസര്‍ വാക്സിന്‍ കുട്ടികളില്‍ ഫലപ്രദവും പൂര്‍ണ സുരക്ഷിതവുമാണെന്ന് അമേരിക്കയില്‍ നടന്ന ക്ലിനിക്കല്‍ പഠനങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഖത്തറിലെ കൗമാരക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ തീരുമാനമെടുത്തിരുന്നു.

 

Top