വാക്‌സിന്‍ ഉത്പാദനം; കേന്ദ്രം കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സീന്‍ ഉത്പാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ബയോസെഫ്ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. പത്തിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

രാജ്യത്തിന് ആവശ്യമുള്ളത് ഇവിടെ ഉത്പാദിപ്പിച്ച് സംഭരിക്കാമെന്നും അധികമുള്ളത് കയറ്റുമതി ചെയ്യാമെന്നുമാണ് വാക്‌സീന്‍ ഉത്പാദനം കൂട്ടാനുള്ള കേന്ദ്ര നീക്കത്തോട് മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. ഓഗസ്റ്റ് മുതല്‍ കൂടുതല്‍ വിദേശ വാക്‌സീന്‍ എത്തി തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വാക്‌സീന്‍ ഉത്പാദനവും സംഭരണവും കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം.

അതേസമയം, കുട്ടികളിലെ മരുന്ന് പരീക്ഷണം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.

 

Top