വാക്‌സിന്‍ നയം; കേന്ദ്രസര്‍ക്കാരിനെതിരെ കെജ്രിവാള്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പാക് പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി ആയുധങ്ങള്‍ വാങ്ങുമോ എന്ന് കെജ്രിവാള്‍ ചോദിച്ചു. അതുപോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയമെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യം കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. വാക്സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ടാണ്. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങളോട് സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുമോ. ഉത്തര്‍പ്രദേശിനോട് സ്വന്തമായി ടാങ്കുകളും ഡല്‍ഹി സ്വന്തമായി തോക്കുകളും വാങ്ങാന്‍ പറയുമോ?

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വാക്സിനേഷന്‍ ആറു മാസത്തോളം വൈകിയാണ് തുടങ്ങിയത്. ആദ്യ വാക്സിന്‍ ഇന്ത്യയിലാണ് നിര്‍മ്മിച്ചതും. അന്നു മുതല്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് ചെയ്യേണ്ടതായിരുന്നു. അതു ചെയ്തിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ കുറച്ച് പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു – കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ജോലി സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകില്ല. വാക്സിന്‍ ഡല്‍ഹിക്ക് നല്‍കാമെന്ന് സ്പുട്നിക് നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ഡോസ് വാക്സിന്‍ ലഭിക്കുമെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top