ബാക്ടീരിയൽ രോഗങ്ങൾക്ക് വാക്സിൻ വികസിപ്പിക്കാൻ മുൻകൈയെടുക്കണമെന്ന് ലോകാരോഗ്യസംഘടന

ജനീവ: ബാക്ടീരിയൽ രോഗങ്ങൾക്ക് വാക്സിൻ വികസിപ്പിക്കാൻ മുൻകൈയെടുക്കണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ലോകത്ത് പ്രതിവർഷം ഒന്നരലക്ഷത്തോളം കുഞ്ഞുങ്ങൾ മരിക്കാൻ ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒ.യുടെ ആഹ്വാനം. 2017മുതൽ വർഷത്തിൽ ലക്ഷത്തോളം നവജാതശിശുക്കൾ ബാക്ടീരിയരോഗങ്ങളാൽ മരിക്കുന്നു. അമ്പതിനായിരത്തോളം കുഞ്ഞുങ്ങൾ ഗർഭത്തിലിരിക്കെയും.

ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോകസ് അണുബാധയാണ്‌ (ജി.ബി.എസ്.) മാസംതികയാതെ പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളിലെ അംഗപരിമിതിക്കും ഏറ്റവുമധികം കാരണമാകുന്നതെന്ന് ലണ്ടൻ സ്കൂൾ ഓഫ് ട്രോപിക്കൽ മെഡിസിനും ഡബ്ല്യു.എച്ച്.ഒ.യും ചേർന്നുനടത്തിയ പഠനത്തിൽ കണ്ടെത്തി.

ഇതിന്‌ വാക്സിൻ കണ്ടെത്തുന്നതിൽ വേണ്ടത്ര ഗവേഷണങ്ങൾ നടക്കുന്നില്ല. ആദ്യമായാണ് ജി.ബി.എസിന്റെ ഭവിഷ്യത്ത് ഇത്രയുമുണ്ടെന്ന് തിരിച്ചറിയുന്നത്. അമ്മമാർക്ക് നേരത്തേത്തന്നെ വാക്സിൻ നൽകാനായാൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാവും. ജി.ബി.എസ്. കുത്തിവെപ്പിന് ആരും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ഗവേഷകർ പറയുന്നു. ലോകത്തുടനീളം 15 ശതമാനം ഗർഭിണികളുടെയും യോനിയിൽ ജി.ബി.എസ്. ബാക്ടീരിയയുണ്ടാകും (കൊല്ലത്തിൽ രണ്ടുകോടി). പക്ഷേ, ലക്ഷണങ്ങളൊന്നും പ്രകടമാക്കാറില്ല. പ്രസവസമയത്താണ് ഇത് കുഞ്ഞിലേക്ക് പകരുന്നത്. ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് മെനിഞ്ചൈറ്റിസും രക്തദൂഷ്യവും ബാധിക്കാം. കുട്ടികളുടെ മരണത്തിനും കാരണമാകാം. രക്ഷപ്പെടുന്ന കുട്ടികൾക്ക് സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങളും കണ്ടുവരുന്നുണ്ട്.

Top