“വാക്സീൻ വിതരണ നയത്തിൽ മാറ്റം വേണം”-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കാവശ്യമായ കോവിഡ് വാക്സീൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സീൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനങ്ങൾക്ക് മതിയായ വാക്സീൻ ഉറപ്പാക്കേണ്ടത് പൊതു താൽപര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വയ്ക്കുന്നത്.

ആവശ്യമായ വാക്സീൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സീൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സീൻ മാത്രമാണ് ലഭിച്ചത്. വാക്സീന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top