രാജ്യത്തെ വാക്‌സിന്‍ വിതരണം; സന്നദ്ധസംഘടനകളുടെ സഹായം തേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടകളുടെ സഹായം അഭ്യത്ഥിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ രാജ്യത്ത് 3.77 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ പുരോഗതി വിലയിരുത്തിയത്.

വാക്‌സിനേഷന്‍ വേഗതയില്‍ ഈ ആഴ്ചയുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളിലും മുന്നോട്ട് കൊണ്ടു പോകേണ്ടത് പ്രധാനമാണെന്ന് അറിയിച്ചു. രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്.

കൂടാതെ വാക്‌സിനേഷനായി ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ നൂതന മാര്‍ഗങ്ങള്‍ ആരായുന്നതിന് എന്‍.ജി.ഒകളെയും മറ്റ് സംഘടനകളെയും പങ്കുചേര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചു. രാജ്യത്തെ വാക്‌സിന്‍ വിതരണം വിശദമായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

വരും മാസങ്ങളിലെ വാക്‌സിന്‍ വിതരണത്തിനായും വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായും സ്വീകരിച്ച നടപടികളെ കുറിച്ചും യോഗത്തില്‍ പ്രതിപാദിച്ചു. കൊവിഡ് ടെസ്റ്റ് വേഗത കുറയാതിരിക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top