രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ ഒരു കോടി കടന്ന് വാക്സിൻ വിതരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ദിവസം കൊണ്ടു വാക്സിൻ വിതരണം ഒരു കോടി കടന്നു. ഇന്ന് മാത്രം ഒരു കോടിയിലധികം വാക്സിൻ വിതരണം നടന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണം ചെയ്യുന്നവരെയും വാക്സിൻ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കോവിന്‍ വെബ്സൈറ്റിലെ വെള്ളിയാഴ്ച രാത്രി11 വരെയുള്ള കണക്കനുസരിച്ച്‌ 1,​02,​06,​475 പേര്‍ക്കാണ് ഇന്ന് വാക്സിന്‍ നല്‍കിയത്. ഇതുവരെ 62,​18,​42,​751 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

മൂന്നാം തരംഗ ഭീഷണി മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. 29 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് ആണ് വെള്ളിയാഴ്ച ഏറ്റവും അധികം വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ഒരു ദിവസം ഏറ്റവും അധികം വാക്‌സിന്‍ കുത്തിവച്ചതിന്റെ കണക്കില്‍ ഇന്ത്യ രണ്ടാമത് എത്തി.

ഒരു ദിവസം 2.8 കോടി ഡോസ് വാക്‌സിന്‍ ജൂലായ 21ന് ചൈന നല്‍കിയിരുന്നു. ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം ഏറ്റവും അധികം വാക്‌സിന്‍ ഒരു മാസം നല്‍കിയതും ഓഗസ്റ്റിലാണ്. ഈ മാസം ഇതുവരെ 15 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. സെപ്റ്റംബര്‍ മാസത്തില്‍ 20 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവരാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. ഉത്തര്‍പ്രദേശില്‍ ഈ മാസം 2.15 കോടിയും മഹാരാഷ്ട്രയില്‍ 1.3 കോടി ഡോസ് വാക്‌സിനുമാണ് നല്‍കിയത്

Top