തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വാക്‌സീന്‍ വിതരണത്തിന് സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാക്‌സീന്‍ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വാക്‌സീന്‍ വിതരണത്തില്‍ പലയിടത്തും രാഷ്ട്രീയ വത്കരണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്‌സീനേഷന്‍ ലക്ഷ്യമിട്ട് ഊര്‍ജിത വാക്‌സീനേഷന്‍ യജ്ഞത്തിന് തുടക്കമായി. പ്രതിദിനം 5 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. എന്നാല്‍ വാക്‌സീന്‍ ക്ഷാമം കാരണമുള്ള വെല്ലുവിളി തുടരുകയാണ്. ഇന്നത്തേക്ക് മാത്രമാണ് വാക്‌സീന്‍ സ്റ്റോക്ക് ബാക്കിയുള്ളതെന്നിരിക്കെ കിടപ്പുരോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സീന്‍ നല്‍കാനാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.