വാക്സിൻ ക്യാമ്പെയിൻ: ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ

തിരുവനന്തപുരം: വാക്സിൻ ക്യാമ്പയിനിന്റെ ഭാ​ഗമായി ഇന്ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണ് ഇത്.

എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്ളെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, കെപിസിസി വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്ര പ്രസാദ് ഇത്തരത്തില്‍ നിരവധി പേരാണ് ചലഞ്ചിന്റെ ഭാഗമായത്. യുവജന സംഘടനയായ എഐവൈഎഫ് അതിനായി പ്രത്യേക കാമ്പയിന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. സിനിമ രംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഹായ പ്രവാഹമുണ്ടായിരുന്നു. മഹാമാരിക്കാലത്ത് ആരും ഒറ്റക്കലെന്നും ഒന്നിച്ചുനിന്നാല്‍ അതിജീവനം പ്രയാസകരമല്ലെന്നുമുള്ള സന്ദേശമായി മാറുകയാണ് ഈ ക്യാമ്പയിനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top