വാക്സിനേഷൻ മന്ദഗതിയിൽ: സംസ്ഥാനത്ത് കൊവിഡ് തീവ്രമായേക്കാമെന്ന് ആശങ്ക

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാത്തതിൽ കേരളത്തിന് ആശങ്ക. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ വാക്സീനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. 18 വയസ് മുതലുള്ളവ‍ർക്കും വാക്സീൻ നൽകാനുള്ള അനുമതി തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസ് കഴിഞ്ഞ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സീൻ നല്‍കി തുടങ്ങി. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ജോലി ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്സീൻ നൽകി തുടങ്ങി. ഈ ഘട്ടത്തിൽ കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. എന്നാല്‍ പിന്നീട് അതും കുറഞ്ഞു.

ജനുവരി 16ന് തുടങ്ങിയ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സീൻ നല്‍കിയത്. പ്രതിദിനം 13300 പേര്‍ക്ക് കുത്തിവയ്പ് നൽകാൻ ഉദ്ദേശിച്ചെങ്കിലും അത് നടന്നില്ല. ഏപ്രിൽ ഒന്നുമുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീൻ നല്‍കി തുടങ്ങി. 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എന്നാല്‍ ഇതിനോടും തണുത്ത പ്രതികരണമാണ് ലഭിച്ചത്. പഞ്ചായത്തുകളില്‍ അതാത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാസ് വാക്സിനേഷൻ ക്യാമ്പുകള്‍ സംഘടിപ്പിച്ച് എല്ലാവരേയും കുത്തിവയ്പെടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വാക്സീന്റെ ഗുണം, വാക്സീനെടുത്താലും രോഗം വരുന്ന സാഹചര്യം, വാക്സിനോടുള്ള പേടി ഇക്കാര്യങ്ങളിലെല്ലാം ജനത്തെ ബോധവല്‍കരിക്കാൻ സര്‍ക്കാരിനിതുവരെ കഴിഞ്ഞിട്ടില്ലെന്നത് തിരിച്ചടിയാണ്. വാക്സിനേഷൻ തുടങ്ങി മൂന്ന് മാസം പൂര്‍ത്തിയാകാറാകുന്ന ഈ സമയത്ത് കേരളത്തില്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രമാണ്.

Top