വാക്‌സിനേഷന്‍; സംസ്ഥാനത്ത് ഒരു കോടി ഡോസ് പിന്നിട്ടു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഒരു കോടി ഡോസ് കവിഞ്ഞു. രണ്ട് ഡോസ് വാക്‌സിനേഷനും ചേര്‍ന്നാണിത്. ആദ്യ ഡോസ് 78,75,797 പേര്‍ക്കും രണ്ടാം ഡോസ് 21,37,389 പേര്‍ക്കും വാക്‌സിനേഷന്‍ നടന്നു.

സംസ്ഥാനത്ത് ഇന്നലെ മുതല്‍ 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്.

ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. രാജ്യത്താകെ വിതരണം ചെയ്തത് 22 കോടിയിലേറെ ഡോസ് വാക്‌സിനാണ്.

Top