അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്‌സീനേഷന്‍; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരുടെ വാക്‌സീനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സീനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാക്‌സീനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 76,55,580 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്.

2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 59.20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 21.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 73.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 26.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായി. ഇതില്‍ 5,09,640 ഡോസ് വാക്‌സീന്‍ ഞായറാഴ്ചയും 2,91,220 ഡോസ് വാക്‌സീന്‍ തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്‌സീനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എഡി സിറിഞ്ചും ലഭ്യമായിട്ടുണ്ട്.

Top