വാക്‌സിനേഷന്‍; രാജ്യത്ത് അഞ്ച് ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയിലധികം ഡോസ് വാക്‌സിനെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ നയം ആരംഭിച്ചതിനു ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് റെക്കോര്‍ഡ് വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 21 നും 26 നും ഇടയില്‍ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവാര വിതരണത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസുകള്‍ നല്‍കിയതാണ് ഇതിനു മുന്‍പുള്ള റെക്കോഡ് വാക്‌സിനേഷന്‍.

ജൂണ്‍ 21 ന് മാത്രം രാജ്യത്ത് വിതരണം ചെയ്തത് 80 ലക്ഷത്തിലധികം ഡോസാണ്. മൂന്ന് കോടിയിലധികം വാക്‌സിന്‍ വിതരണം ചെയ്ത ആദ്യ സംസ്ഥാനം മഹാരാഷ്ട്രയാണ്. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്‌സിന്‍ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും രണ്ട് കോടിയ്ക്കും മൂന്ന് കോടിയ്ക്കും ഇടയില്‍ വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

Top