ആന്ധ്രാപ്രദേശില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരേയും ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ പെടുന്ന 20 ലക്ഷത്തോളം അമ്മമാരാണ് ഉള്ളത്. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കൊപ്പമാകും ഇവര്‍ക്ക് കുത്തിവെപ്പ് നടത്തുക.

കോവിഡ് ബാധിച്ച കുട്ടികള്‍ക്കൊപ്പം അവരുടെ അമ്മമാരും ആശുപത്രികളില്‍ കഴിയണമെന്ന് കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡി പറഞ്ഞു. മൂന്നാം തരംഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും സംസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍ സ്ഥാപിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം കുട്ടികളെ ചികിത്സിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യാനുസരണം ശിശുരോഗവിദഗ്ധരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.യു, പീഡിയാട്രിക് കിടക്കകള്‍, വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍, മാസ്‌കുകള്‍, കുട്ടികളെ ചികിത്സിക്കാനുള്ള മറ്റ് സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കാനും തീരുമാനിച്ചു.

Top