വാക്‌സിനേഷന്‍ പ്രതിസന്ധി; നാല് ജില്ലകളില്‍ വാക്‌സിന്‍ വിതരണമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ.  സംസ്ഥാനത്ത് ഇന്ന് വാക്‌സിന്‍ വിതരണം പൂര്‍ണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്‌റ്റോക്കില്‍ ഇന്നലെ 2 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

സംസ്ഥാനത്തെ 150 ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സീന്‍ ലഭ്യമാകില്ല. പുതിയ സ്‌റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 29നേ എത്തൂവെന്നാണ് അനൗദ്യോഗിക വിവരം.

പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്‌സിന്‍ വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അതേസമയം, സ്വകാര്യമേഖലയില്‍ ബുക്ക് ചെയ്ത വാക്‌സീന്‍ ലഭിക്കും. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്‌സിനുകളുടെ അളവ് കുറവാണ്.

18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്‌സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

 

 

Top