ആഡംബര ഹോട്ടലിലെ വാക്‌സിനേഷന്‍; സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപതികള്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഡംബര ഹോട്ടലുകളുമായി ചേര്‍ന്ന് ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത് മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

എല്ലായിടത്തും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കണമെന്നും ആഡംബര ഹോട്ടലുകളില്‍ വാക്‌സിന്‍ നല്‍കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങള്‍ തെറ്റിച്ച് സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകള്‍ക്ക് പുറത്ത് ഇത്തരത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

 

Top