കുവൈറ്റില്‍ വാക്സിന്‍ എടുത്തവര്‍ക്ക് ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി

കുവൈറ്റ് സിറ്റി: പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചു. ഏഴു മാസമായി തുടരുന്ന വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം.

രാജ്യത്ത് റെസിഡന്‍സി വിസയുള്ളവരും ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ വാക്‌സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ എടുത്തവരുമായ പ്രവാസികള്‍ക്കാണ് പ്രവേശനാനുമതി നല്‍കുക. യാത്രയ്ക്കു മുമ്പേ വാക്സിനേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഷലോനിക് ആപ്പിലും കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്ഫോമിലും അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് വ്യക്തമാക്കുന്ന ഗ്രീന്‍ കളര്‍ കോഡ് ലഭ്യമാകുന്നവര്‍ക്ക് മാത്രമായിരിക്കും അനുമതി.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം 72 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള ലാബുകളില്‍ നിന്നായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം എയര്‍ലൈന്‍ കമ്പനികള്‍ ഉറപ്പുവരുത്തണം. ക്യുആര്‍ കോഡ് സംവിധാനം ഉള്ളവയായിരിക്കണം സര്‍ട്ടിഫിക്കറ്റുകള്‍. ഏത് വാക്സിനാണ് സ്വീകരിച്ചത്, വാക്സിന്‍ എടുത്ത തീയതി, വാക്സിന്റെ ബാച്ച് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കണം.

ഇതിനു പുറമെ, കുവൈറ്റിലെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്നാം ദിവസം സ്വന്തം ചെലവില്‍ വീണ്ടും പിസിആര്‍ ടെസ്റ്റിന് വിധേയരാവണം. ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍ മൂന്നു ദിവസം കഴിഞ്ഞ് ക്വാറന്റൈന്‍ ഒഴിവാക്കാം.

ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ തുടരണം. അതേസമയം, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ അടുത്ത കുടുംബാഗംങ്ങള്‍, അവരുടെ വീട്ടുജോലിക്കാര്‍, വിദേശത്ത് ചികില്‍സയില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തുന്ന കുവൈറ്റ് പൗരന്‍മാര്‍, അവരുടെ കൂട്ടിരിപ്പുകാര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ വച്ച് നല്‍കപ്പെടുന്ന പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സാങ്കേതിക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഇതിനകം മുക്കാല്‍ ലക്ഷത്തോളം വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതായും 20,000ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

10,000ത്തിലേറെ പേരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടു. അംഗീകാരമില്ലാത്ത വാക്സിന്‍ സ്വീകരിച്ചതും ക്യുആര്‍ കോഡ് ഇല്ലാത്തതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് നിരസിക്കപ്പെടാന്‍ കാരണം. സ്വന്തം നാട്ടിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെങ്കിലും പരിഗണിക്കില്ലെന്ന് മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് അറിയിച്ചു. വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച ശേഷം അവ സ്വീകാര്യമാണോ അല്ലെയോ എന്ന കാര്യം ബന്ധപ്പെട്ട വ്യക്തികളെ എസ്എംഎസ് മുഖേന അറിയിക്കും.

 

 

Top