കുവൈറ്റിലേക്ക് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്കും നേരിട്ട് യാത്ര ചെയ്യാനാവില്ല

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കില്ലെന്ന് അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനിടയിലാണ് പുതിയ അറിയിപ്പുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമാണ്.

പൂര്‍ണമായി വാക്സിന്‍ എടുത്തവരും കാലാവധിയുള്ള വിസയുള്ളവരും ആണെങ്കില്‍ പോലും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷം മാത്രമേ കുവൈറ്റിലേക്ക് പ്രവേശിക്കാനാവൂ എന്നതാണ് പുതിയ നിര്‍ദ്ദേശം. എന്നു മാത്രമല്ല കുവൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഏഴു ദിവസത്തിനിടയില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ താമസസ്ഥലത്തേക്ക് മാറാം.

അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുത്ത പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാവും. വാക്സിനെടുക്കാത്ത പ്രവാസികള്‍ക്ക് കുവൈറ്റ് പ്രവേശനം അനുവദിക്കുന്നില്ല. ഏഴു മാസത്തെ യാത്രാ വിലക്കിന് ശേഷം ആഗസ്ത് ഒന്നു മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈറ്റ് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരുകയായിരുന്നു.

 

Top