10 ദിവസത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍; കര്‍ണാടക ഉപമുഖ്യമന്ത്രി

കര്‍ണാടക: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍. പോളിടെക്‌നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കല്‍, പാരാമെഡിക്കല്‍, യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ പഠിക്കുന്നവര്‍, മുഖ്യമന്ത്രിയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

അശ്വത് നാരായണ്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി യോഗം ചേര്‍ന്നിരുന്നു. കോളേജ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോഗത്തില്‍ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഓക്‌സിജന്‍ ഉത്പാദന ശേഷിയും വര്‍ദ്ധിപ്പിക്കും.

അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. അക്കാദമിക് പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഇപ്പോള്‍ ഓണ്‍ലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുളള വാക്‌സിനേഷന്‍ ഡ്രൈവ് ജൂണ്‍ 28 മുതല്‍ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാര്‍ത്ഥികള്‍ക്ക് കുത്തിവെയ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

 

Top