വായു ചുഴലിക്കാറ്റ് ; റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

അഹ്മദാബാദ്: ‘വായു’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 37ലധികം സര്‍വീസുകള്‍ പൂര്‍ണമായും ഒമ്പത് സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി.

ഗുജറാത്തിലേക്കുള്ള 70ലധികം ട്രെയിനുകള്‍ പൂര്‍ണമായും 28 ട്രെയിനുകള്‍ ഭാഗികമായും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

വായുവിന്റെ വരവോടെ ഗുജറാത്തിന്റെ തീര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്തുനിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെരാവാല്‍, പോര്‍ബന്തര്‍, സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്.

അതേസമയം ഗുജറാത്ത് തീരം പിന്നിട്ട് വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതായാണ് പുതിയ വിവരം. പാക് തീരത്തേക്ക് പോയ കാറ്റിന് വീണ്ടും ദിശമാറ്റം സംഭവിച്ച് ഒമാന്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്.

Top