അഭിഭാഷകരായി ടൊവിനോയും കീര്‍ത്തി സുരേഷും; ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, സാമന്ത, മഹേഷ് ബാബു എന്നിവരാണ് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. അഭിഭാഷക വേഷത്തില്‍ കീര്‍ത്തിയും ടൊവിനോയുമാണ് പോസ്റ്ററിലുള്ളത്.

ടൊവിനോടയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

Top