വാക്‌സിന്‍ എടുക്കാത്ത താരങ്ങളെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാന്‍ അനുവദിക്കും; പ്രധാനമന്ത്രി

വാക്‌സിനേഷന്‍ എടുക്കാത്ത താരങ്ങളെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാന്‍ അനുവദിക്കും എന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. മുമ്പ് പല മന്ത്രിമാരും പറഞ്ഞതിന് വിരുദ്ധമായി ആണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന. എന്നാല്‍ ഇത്തരം താരങ്ങള്‍ നിര്‍ബന്ധിതമായും 14 ദിവസം ക്വാറന്റീന്‍ ഇരിക്കേണ്ടി വരും. വാക്‌സിനേഷന്‍ ചെയ്‌തോ ഇല്ലയോ എന്ന് ഇത് വരെ വ്യക്തമാക്കാന്‍ തയ്യാര്‍ ആവാത്ത ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോക്കോവിച്ചിനു ഈ വാര്‍ത്ത ആശ്വാസം ആവും.

വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കുക ആണെങ്കില്‍ ജ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്മാറിയേക്കും എന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കണം എന്നാണ് വിക്ടോറിയയിലെ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യം എങ്കിലും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അവര്‍ അനുസരിക്കും. അതേസമയം താരങ്ങള്‍ക്ക് മാത്രം ആയിരിക്കും ഈ ഇളവ് എന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകരും, ബോള്‍ കിഡ്‌സും അടക്കം ഗ്രാന്റ് സ്ലാമിലെ എല്ലാവര്‍ക്കും നിര്‍ബന്ധിത വാക്‌സിനേഷന്‍ നിര്‍ബന്ധിതമായിരിക്കും. പങ്കെടുക്കുക ആണെങ്കില്‍ സീസണിലെ ആദ്യ ഗ്രാന്റ് സ്ലാം ആയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ 21 ഗ്രാന്റ് സ്ലാം റെക്കോര്‍ഡ് നേട്ടം ആയിരിക്കും ജ്യോക്കോവിച്ച് ലക്ഷ്യം വക്കുക.

Top