സാമ്പത്തികസംവരണ വിഷയത്തില്‍ വി.ടി ബല്‍റാം ഉന്നംവയ്ക്കുന്നത് ആരെയൊക്കെ ?

v t balram

സാമ്പത്തികസംവരണത്തെ സ്വാഗതം ചെയ്ത കേരള സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവോത്ഥാന നടപടികളൊക്കെ കാപട്യം മാത്രമാണെന്നാണ് ബല്‍റാമിന്റെ പരിഹാസം. മാത്രമല്ല, ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയവര്‍ ചെയ്തത് തെറ്റാണെന്ന് പറയാതെ പറയുകയല്ലേ ബല്‍റാം ചെയ്തിരിക്കുന്നത് എന്നൊരു സംശയവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

സാമ്പത്തിക സംവരണബില്ലില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയം ഇരട്ടത്താപ്പിന്റേതാണെന്ന് പറഞ്ഞിരിക്കുകയാണ് ബല്‍റാം. സംവരണം എല്ലാക്കാലത്തും ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇവിടെയാവട്ടെ സാമ്പത്തികക്രമമനുസരിച്ച് കാര്യങ്ങളെ മാറ്റിമറിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്.

സവര്‍ണശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് സംവരണം. ഒരു വശത്ത് അധസ്ഥിതനെ സാമൂഹ്യമായി ഉയര്‍ത്തുന്നതിന് ചുക്കാന്‍ പിടിക്കുകയും മറുവശത്ത് ഭരണഘടനാലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാര്‍ നയം നവോത്ഥാന നാട്യം മാത്രമല്ലേ എന്നാണ് ബല്‍റാമിന്റെ ചോദ്യം.

ബല്‍റാമിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ അത്രേ!

ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം പരിഹസിക്കുന്നു. അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ലോക്സഭയില്‍ സാമ്പത്തികസംവരണ ബില്ലിനെതിരെ വോട്ടുചെയ്ത ഇ.ടി. മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് ബല്‍റാം. ഇ.ടിക്ക് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു എന്നാണ് ബല്‍റാമിന്റെ വാക്കുകള്‍. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവരെയൊക്കെ പരോക്ഷമായി വിമര്‍ശിക്കുകയാണോ ഈ അഭിനന്ദനത്തിലൂടെ ബല്‍റാം ചെയ്തിരിക്കുന്നത് എന്നൊരു സംശയം ഉയരുന്നതും സ്വാഭാവികം.

political reporter

Top