മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ബല്‍റാം

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ’മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാ’ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ആവശ്യപ്പെട്ടു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മുസ്ലീം നാമധാരികളായ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.
മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകര്‍ഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തില്‍ പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ ”മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാ’ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി. മോഹനനെതിരെ കേസെടുക്കാന് പോലീസ് തയ്യാറാകണം.

Top