‘ചിലരോട് ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാൽ മാന്യമായി തോൽക്കാം’ ; ബിജുവിനോട് വി ടി ബല്‍റാം

ആലത്തൂര്‍: ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ച ദീപ നിശാന്തിന് വി ടി ബല്‍റാം എംഎല്‍എയുടെ പരോക്ഷ വിമര്‍ശനം. ആലത്തൂരില്‍ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാന്‍ പ്രിയപ്പെട്ട ബിജു ചിലരോട് ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടണമെന്ന് ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്‍റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ പി കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാൽ സ്നേഹം കൊണ്ട് പറയുകയാ, നിങ്ങൾക്ക് വേണ്ടിയെന്ന മട്ടിൽ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാൽ നിങ്ങൾക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാം.

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. എന്നായിരുന്നു ദീപ നിശാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഇതിന് പിന്നാലെ യുജിസി നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുളള ആഗ്രഹം കാണില്ല എന്ന് ഫെയ്സ്ബുക്കിലുടെ തന്നെ അനില്‍ അക്കര മറുപടി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അനില്‍ അക്കര ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം ദീപ നിശാന്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

Top