സ്വരാജ് പറയുന്നത് ”ബാലിശമായ കാര്യം” തുറന്നടിച്ച് വി.ടി ബൽറാം രംഗത്ത് !

പി.സി ജോർജിന്റെ അറസ്റ്റ് ഒത്തുകളിയാണെന്ന് ആരോപിച്ച് കോൺഗ്രസ്സ് നേതാവ് വി.ടി ബൽറാം രംഗത്ത്. പിസി ജോർജ് നമ്മുടെ സെക്യുലർ ഫാബ്രിക്കിനെ തകർക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നിരന്തരമായി നടത്തുമ്പോൾ ആ ഘട്ടത്തിലൊക്കെ ഗവൺമെന്റ് കൃത്യമായി ഇടപെട്ടിരുന്നു എങ്കിൽ അദ്ദേഹത്തിന് അത് ആവർത്തിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാവില്ലായിരുന്നു എന്നും ബൽറാം ചൂണ്ടിക്കാട്ടി.

ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നു തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് എന്ന ആര്‍ജ്ജവമുള്ള വ്യക്തി ഇല്ലായിരുന്നുവെങ്കില്‍ നടി ആക്രമിക്കപ്പെട്ട വിഷയം തുടക്കം മുതല്‍ തന്നെ കുഴിച്ചുമൂടപ്പെടുമായിരുന്നു.പിടി ഇല്ലാത്ത സാഹചര്യത്തില്‍, കേസ് അട്ടിമറിക്കാനുള്ള ശ്രമം എത്രത്തോളം ശക്തമായി എന്നത് ഇപ്പോള്‍ അതിജീവിതക്ക് പോലും മനസ്സിലായി കഴിഞ്ഞതായും ബല്‍റാം വ്യക്തമാക്കി. ഇടതു സ്ഥാനാര്‍ത്ഥിയെ അപമാനിചെന്ന ആരോപണത്തെ, ‘ബാലിശമായ കാര്യങ്ങള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വിട്ട് യഥാര്‍ത്ഥ രാഷ്ട്രീയം സംസാരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെടുകയുണ്ടായി. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ പ്രതികരണം ചുവടെ;

തൃക്കാക്കരയിൽ വീണ്ടും യു.ഡി.എഫ് ജയം ഉറപ്പാണോ ?

തീർച്ചയായും വിജയം സുനിശ്ചിതമാണ് എന്നാണ് ഫീൽഡിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. പി.ടി തോമസിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് തുടർച്ച ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് എത്തിക്കണം. ഒപ്പംതന്നെ സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്യുമ്പോൾ അത് യുഡിഎഫിന് അനുകൂലം ആകാതെ വേറെ നിർവാഹമില്ല. ജനവിരുദ്ധ നടപടികളുടെ കാര്യത്തിൽ പിണറായി വിജയനും നരേന്ദ്ര മോഡിയും തമ്മിൽ മത്സരമാണ്. രണ്ടു ഗവൺമെന്റുകൾക്കും എതിരായി ജനങ്ങൾ വിധിയെഴുതാൻ കാത്തിരിക്കുമ്പോൾ അത് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പി.സി ജോർജിന്റെ അറസ്റ്റിനെ എങ്ങനെയാണ് നോക്കി കാണുന്നത് ?

അതൊരു ഒത്തുകളിയാണ്. പിസി ജോർജ് നമ്മുടെ സെക്യുലർ ഫാബ്രിക്കിനെ തകർക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നിരന്തരമായി നടത്തുമ്പോൾ ആ ഘട്ടത്തിലൊക്കെ ഗവൺമെന്റ് കൃത്യമായി ഇടപെട്ടിരുന്നു എങ്കിൽ അദ്ദേഹത്തിന് അത് ആവർത്തിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാവില്ലായിരുന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പോലിസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തതിനു ശേഷമാണ് അദ്ദേഹത്തിനെതിരെ എഫ്ഐആർ ഇട്ട് കേസെടുത്തത്. എന്നിട്ടും അറസ്റ്റ് എങ്ങനെ ഉണ്ടായി എന്നും തിരുവനന്തപുരം വരെ അദ്ദേഹത്തിന് രാജകീയ പരിവേഷത്തിൽ രഥയാത്ര നടത്താൻ സാധിച്ചത് എങ്ങനെയാണെന്നും ഒക്കെ നമ്മൾ കണ്ടതാണ്. ഇത്തരം പോളറൈസേഷൻ ഇവിടെ ഉണ്ടാകണം എന്നത് ആരുടെ അജണ്ടയാണ് എന്നത് എല്ലാവർക്കും വ്യക്തമായി അറിയാം. യുഡിഎഫ് ആഗ്രഹിക്കുന്നതും അനുകൂലമായ സാഹചര്യം എന്നു കരുതുന്നതും മതങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നതാണ്. അത് ഇല്ലാതാക്കണം എന്നാണ് ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇത് തൃക്കാക്കരയിലെ ജനങ്ങൾ തിരിച്ചറിയും എന്നു തന്നെയാണ് പ്രതീക്ഷ.

ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചാൽ യു.ഡി.എഫിന് വെല്ലുവിളിയാകുമോ ?

ഓരോ പാർട്ടികളും അല്ലെങ്കിൽ ഓരോ മുന്നണികളും അവർക്ക് ലഭിക്കുന്ന പരമാവധി വോട്ടുകൾ പിടിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്റ്റേറ്റ് ലെവൽ മെഷീനറിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരമാവധി വോട്ടുകൾ നേടിയെടുക്കുന്നതിനായാണ് ശ്രമിക്കുന്നത്. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നു തൃക്കാക്കരയിലെ വോട്ടർമാർ തീർച്ചയായിട്ടും തിരിച്ചറിയും. അതുപോലെ കേന്ദ്രസർക്കാരിനെതിരായി ശക്തമായ ജനവികാരം ഉണ്ട്. ഇന്ധന വില വർദ്ധനവിന് 2 സർക്കാരും ഒരുപോലെ കാരണക്കാരാണ്. ഇത് തൃക്കാക്കരയിലെ നഗര വോട്ടർമാർക്ക് കൃത്യമായി അറിയാം. അവർ അതിനെതിരെ പ്രതികരിക്കുമ്പോൾ അത് യുഡിഎഫിനു അനുകൂലമായിട്ടായിരിക്കും വോട്ടുകളായി മാറുക.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയുടെ ആരോപണത്തെ എങ്ങനെ കാണുന്നു ?

പിടി തോമസ് എന്ന ആർജ്ജവമുള്ള വ്യക്തി ഇല്ലായിരുന്നുവെങ്കിൽ ഈ വിഷയം തുടക്കം മുതൽ തന്നെ കുഴിച്ചുമൂടാനും ഒതുക്കിത്തീർക്കാനും ഗവൺമെന്റിന് സാധിക്കുമായിരുന്നു. പി.ടി ഇല്ലാത്ത സാഹചര്യത്തിൽ അത് അട്ടിമറിക്കാനുള്ള ശ്രമം എത്രത്തോളം ശക്തമായി എന്നത് അതിജീവിതക്ക് പോലും മനസ്സിലായി എന്നതുകൊണ്ടാണ് അവർ കോടതിയെ സമീപിച്ചത്. ഇത് ഈ ഗവൺമെന്റിൽ സ്ത്രീകൾക്കുള്ള അവിശ്വാസ പ്രഖ്യാപനമാണ്. ഇത്രയധികം ചർച്ച ചെയ്യപ്പെട്ട കേസ് ആയിട്ടും ഇത് അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ നടത്താൻ ഗവൺമെന്റിന് ധൈര്യം വരുന്നു എന്നത് തുടർ ഭരണത്തിൽ നിന്നും ലഭിച്ച അഹങ്കാരത്തിന്റെ ഭാഗമാണ്. കേരളത്തിലെ പൊതു സമൂഹം, ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട പിടി തോമസിന് ഉള്ള അംഗീകാരമായിട്ട് ഉമ തോമസിന് വോട്ട് നൽകുക തന്നെ ചെയ്യും.

ഇടതു സ്ഥാനാർത്ഥിക്കെതിരായ വ്യക്തിഹത്യ പ്രചരണത്തിനു പിന്നിൽ യു.ഡി.എഫ് പ്രവർത്തകർ ആണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. എന്താണ് മറുപടി ?

ഏതു തരത്തിലുള്ള വ്യക്തിഹത്യയാണ് ? അവർ തന്നെ പ്രചരിപ്പിക്കും അവർ തന്നെ ഇതിനെ ഒരു ഇഷ്യൂ ആക്കും. ഇത്തരത്തിലുള്ള ആരോപണങ്ങളൊക്കെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന സ്വരാജ് അടക്കമുള്ള നേതാക്കന്മാർ ഉന്നയിച്ചിരുന്നു. അതേ പേരുള്ള ഡമ്മി സ്ഥാനാർഥിയെ തപ്പി വയനാട്ടിലേക്ക് പോകുന്നു എന്ന ആരോപണവും അവർ ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ബാലിശമായ കാര്യങ്ങൾ വിട്ട് യഥാർത്ഥ രാഷ്ട്രീയം സംസാരിക്കാൻ സിപിഎം നേതാക്കൾ തയ്യാറാകണം. ഞങ്ങൾ സംസാരിക്കുന്നത് പ്രധാനപ്പെട്ട ചില വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, വിലക്കയറ്റം, സംസ്ഥാന സർക്കാരിൻ്റെ കെ റയിൽ പോലെയുള്ള വിനാശ പദ്ധതികൾ, ഇതൊക്കെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ… വികസനത്തെക്കുറിച്ചുള്ള നമ്മുടെ പ്രയോറിറ്റികൾ, എങ്ങനെ മുന്നോട്ടു പോകണം എന്നതിനെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകൾ ….ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാമെന്ന് ആഗ്രഹിക്കുന്നത്. അതുപോലെ നമ്മുടെ മതേതര സമൂഹത്തെ സംരക്ഷിച്ചു നിർത്തേണ്ടതും അനിവാര്യമാണ്. ഇതൊക്കെ ചർച്ചയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതിനപ്പുറത്തേക്ക് സിപിഎം തന്നെ ഉന്നയിച്ച് സിപിഎം തന്നെ ചർച്ചയാക്കാൻ ശ്രമിക്കുന്ന വിഷയങ്ങളൊന്നും ഇവിടുത്തെ വോട്ടർമാരെ എന്തായാലും സ്വാധീനിക്കാൻ പോകുന്നില്ല.

പ്രതികരണം തയ്യാറാക്കിയത് ശിഹാബ് മൂസ

 

 

Top