V Surendran pillai against UDF leadership

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി സുരേന്ദ്രന്‍ പിള്ള. നേമത്തെ യുഡിഎഫ് വോട്ടുകള്‍ ഒന്നു പോലും തനിക്കു കിട്ടിയിട്ടില്ല.

തനിക്ക് കിട്ടിയത് എല്ലാം വ്യക്തിപരമായ വോട്ടുകള്‍ മാത്രമായിരുന്നു. തിരുവനന്തപുരത്തും നേമത്തും വോട്ട് മറിക്കാന്‍ യുഡിഎഫില്‍ ധാരണയുണ്ടായിരുന്നു. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, കെപിസിസി ഇക്കാര്യം അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

നേമത്ത് യുഡിഎഫ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 10,000 വോട്ടുകളാണ് ഇത്തവണ യുഡിഎഫ് അക്കൗണ്ടില്‍ കുറഞ്ഞത്.

കഴിഞ്ഞ തവണ ചാരുപാറ രവി 23,000 വോട്ടുകള്‍ പിടിച്ച നേമത്ത് ഇത്തവണ സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത് 13,000 വോട്ടുകള്‍ മാത്രം. ഇന്നലെ മുതല്‍ നേമത്ത് യുഡിഎഫ് വോട്ടുകള്‍ മറിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് സ്ഥിരീകരണം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേന്ദ്രന്‍ പിള്ള തന്നെ നടത്തിയ പ്രസ്താവന.

Top