സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാവും പരിഷ്‌കരണം നടപ്പാക്കുക. മലയാളം അക്ഷരമാലയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുക. ലിംഗ സമത്വം, ഭരണഘടന, മതനിരപേക്ഷത, കാന്‍സര്‍ അവബോധം, സ്‌പോര്‍ട്‌സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ അഭിപ്രായങ്ങളും ഈ കാര്യങ്ങളില്‍ സ്വീകരിക്കും. കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസമന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക.

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. 2013 ന് ശേഷം ഇത് ആദ്യമായാണ് പാഠപുസ്തകങ്ങള്‍ നവീകരിക്കുന്നത്. പുതിയ പാഠ്യ പദ്ധതിയിലൂടെ അക്കാദമിക മികവിന്റെ ശ്രേഷ്ഠ ഘട്ടത്തിനു കൂടി തുടക്കമാവുമെന്നും പാഠപുസ്തകത്തിലെ മാറ്റത്തിനൊപ്പം അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Top