കലോത്സവത്തില്‍ ഇനി അവസരമില്ല; മാതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വേദിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് പരിശോധിച്ചിരുന്നു. എന്നാൽ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും ശിവൻ കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാൻ പോകുന്ന മേളകളിൽ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളിൽ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

കലോത്സവ വേദികളിൽ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടർ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളിൽ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങൾ. ഭാരതം മുഴുവൻ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ് റിഹേഴ്‌സലിൽ വിവാദവേഷം ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ കൈയിൽ തോക്കുണ്ട്. ആ മതവിഭാഗത്തിൽപ്പെട്ടവർ തോക്കുമായിട്ടാണോ നടക്കുന്നത്. അത് മാറ്റി ഈ ഭാഗം മാത്രം പ്രൊജക്ട് ചെയ്യുന്നത് മാത്രമാണ് പ്രശ്‌നത്തിന് കാരണം. സ്വഗതഗാനത്തിലോ ദൃശ്യങ്ങളിലോ ഒരു തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള റിഹേഴ്‌സലിൽകോസ്റ്റിയും ഇടാറില്ല. അത്തരത്തിൽ ഒരു വേഷം ബോധപൂർവം കൊണ്ടുവന്നതല്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്.

Top