തിരുവനന്തപുരം: പുതിയ കൊവിഡ് വകഭേദം ഭീഷണിയുയര്‍ത്തുന്ന വേളയില്‍ ഇനിയും സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുക്കാന്‍ മടിക്കുന്നു. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെ ജോലിക്കെത്താന്‍ സ്‌കൂള്‍ അധികാരികള്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
മഹാഭൂരിപക്ഷത്തോളം വരുന്ന അദ്ധ്യാപകര്‍ വാക്‌സിനെടുക്കുമ്പോഴും ചിലര്‍ സഹകരിക്കാത്തത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അഭിപ്രായപ്പെട്ട മന്ത്രി അദ്ധ്യാപകര്‍ വാക്‌സിനെടുക്കാത്തത് വിദ്യാര്‍ത്ഥികളുടേയും കേരളത്തിന്റെയും ആരോഗ്യത്തിന്റെ പ്രശ്‌നമാണെന്നും അഭിപ്രായപ്പെട്ടു.
പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും വാക്‌സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സ്‌കൂളുകളുടെ സമയം നീട്ടുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.