നിയമനം ലഭിച്ചിട്ടും അവധിയില്‍ പോയ അധ്യാപകരുടെ വിവരം ശേഖരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: അധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയില്‍ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനില്‍ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദീര്‍ഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കും.

അരുവിക്കര ഗവണ്‍മെന്റ് എച്ച്എസ്എസില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈല്‍ ഫോണ്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപകര്‍ സ്‌കൂളില്‍ത്തന്നെയാണ് ജോലി ചെയ്യേണ്ടത്.

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി താമസിയാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ആണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് സമൂഹത്തിന്റെ ഒന്നാകെയുള്ള പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു. പഠനോപകരണം ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസ് നഷ്ടമാകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

Top