ദുരന്തമുഖങ്ങളില്‍ കൈകോര്‍ത്ത് പിടിക്കാന്‍ മനുഷ്യര്‍ക്കേ കഴിയൂ, അതല്ലാത്തവര്‍ മനുഷ്യരല്ല; വി ശിവന്‍കുട്ടി

കോഴിക്കോട്: നിപയെ ഒരു സാധ്യത ആയി കാണുന്നു എന്ന രീതിയില്‍ ഉണ്ടായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം പ്രാചാരണങ്ങള്‍ ഏത് കോണില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നത് ഏവര്‍ക്കും അറിയാം. ആ ഘട്ടത്തില്‍ അതിനോട് പ്രതികരിക്കാതിരുന്നത് അതിനുള്ള സമയം അല്ല അത് എന്നത് കൊണ്ടായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. നിപ ആശങ്ക അകന്ന് കോഴിക്കോട് സ്‌കൂള്‍ തുറന്നതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു മന്ത്രി.

‘കൊതുകിന്റെ കൗതുക’മുള്ളവര്‍ മനുഷ്യരല്ല. ദുരന്തമുഖങ്ങളില്‍ നമ്മള്‍ പരസ്പരം കൈകോര്‍ത്ത് പിടിക്കുന്നത് മനുഷ്യരായത് കൊണ്ടാണ്. മനുഷ്യര്‍ക്കേ അതിന് കഴിയൂ. അതില്ലാത്തവര്‍ മനുഷ്യരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, നിപയില്‍ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനില്‍ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

നിലവിലെ നിയന്ത്രണങ്ങള്‍ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിര്‍ദ്ദേശം. ഇന്നലെ ജില്ലയിലെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂളുകള്‍ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.

Top